മുംബൈ: കോവിഡ് 19 വ്യാപനം രൂക്ഷമായിരിക്കുന്ന മഹാരാഷ്ട്രയിൽ സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്താൻ ആലോചന. ശനിയാഴ്ച മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിൽ ഇതിനുള്ള ആലോചനകൾ നടന്നു. സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തുന്നതിന് അനുകൂല സമീപനമാണ് ഉദ്ധവ് താക്കറെ സ്വീകരിച്ചതെന്നാണ് റിപ്പോർട്ട്. ഇക്കാര്യത്തിൽ ഞായറാഴ്ച തീരുമാനം ഉണ്ടായേക്കും.
രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന പ്രതിദിന കോവിഡ് കേസുകളിൽ പകുതിയും മഹാരാഷ്ട്രയിലാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അമ്പതിനായിരത്തിന് മുകളിലാണ് സംസ്ഥാനത്തെ രോഗികളുടെ എണ്ണം. ഈ സാഹചര്യത്തിൽ രാത്രികാല കർഫ്യൂവും ആഴ്ചാവസാനം ലോക്ഡൗണും ഏർപ്പെടുത്താൻ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ, അടുത്ത 15 ദിവസത്തേക്ക് സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്താനാണ് ഇപ്പോൾ ആലോചിക്കുന്നത്.